മലയാളികളുടെ തനതായ ഭക്ഷണശൈലിയുടെ ഭാഗമാണ് ഇഡ്ഡലി. ഒരു മാസത്തിൽ രണ്ടുവട്ടമെങ്കിലും ഇഡ്ഡലി കടന്നുപോകാത്ത വീടുണ്ടാകില്ല. പലരുടെയും പ്രിയ ഭക്ഷണം കൂടിയാണ് ഇത്. സാധാരണ ഇഡ്ഡലി കഴിക്കാത്ത ആരുമുണ്ടാവില്ല. എന്നാൽ നിങ്ങൾ കോട്ടൺ തുണിയിൽ ഒഴിച്ച് തയ്യാറാക്കുന്ന പാലക്കാടൻ ഇഡ്ഡലി കഴിച്ചിട്ടുണ്ടോ?. ഇതെങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
- പച്ചരി -ഒരു കപ്പ്
- പുഴുക്കലരി -ഒരു കപ്പ്
- ഉഴുന്ന് -അരക്കപ്പ്
- ഉലുവ -രണ്ട് ടീസ്പൂൺ
തയ്യാറാക്കുന്ന വിധം:
ആദ്യമായി ഒരു കപ്പ് പച്ചരി എടുക്കുക. ശേഷം ഒരു കപ്പ് പുഴുക്കലരിയും എടുക്കുക. ഇനി ഇത് നന്നായി കഴുകി വൃത്തിയാക്കിയതിനു ശേഷം ആറോ ഏഴോ മണിക്കൂർ കുതിർത്തു വെക്കുക. ഈ അരി നമ്മൾ അരക്കേണ്ടത് കുതിർത്തുവെച്ച വെള്ളം വച്ചു തന്നെയാണ്. അതിനാൽ അരി നന്നായി കഴുകാൻ ശ്രദ്ധിക്കുക. ഇനി മറ്റൊരു ബൗളിലേക്ക് അരക്കപ്പ് ഉഴുന്ന് ചേർക്കുക. രണ്ട് ടീസ്പൂൺ ഉലുവ കൂടി ചേർക്കാം. ഇതും നന്നായി കഴുകിയതിനുശേഷം ഏഴോ എട്ടോ മണിക്കൂർ
കുതിർത്ത് വെക്കുക. രണ്ടും നന്നായി കുതിർന്ന് വന്നതിനുശേഷം ഒരു മിക്സി ജാറിലിട്ട് അരച്ചെടുക്കാം. ഉഴുന്നും അത് കുതിർത്തു വെച്ച വെള്ളത്തിൽ തന്നെയാണ് അരക്കേണ്ടത്. അരച്ചെടുത്ത അരി ഉഴുന്നിന്റെ കൂടെ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം. അല്പം ഉപ്പും ചേർക്കണം. രാമശ്ശേരി ഇഡ്ഡലിയുടെ മാവ് സാധാരണ ഇഡ്ഡലിയുടെ മാവിന്റെ അത്രയും തിക്ക് ആയിരിക്കില്ല. ഇത് അല്പം ലൂസായിരിക്കും. ഇനി ഇവ കൈകൊണ്ട് നന്നായി ഇളക്കാം. ഇഡ്ഡലി ഉണ്ടാക്കി കഴിഞ്ഞാൽ പട്ടുപോലെയിരിക്കാനായി മാക്സിമം നന്നായി ഇളക്കുക. തുടർന്ന് എട്ടോ ഒമ്പതോ മണിക്കൂർ ഇത് അടച്ചുവെക്കുക.
9 മണിക്കൂറിനു ശേഷം മാവ് നല്ല തിക്കായാണ് കാണപ്പെടുന്നതെങ്കിൽ അല്പം വെള്ളം ചേർത്ത് ലൂസാക്കി എടുക്കാം. ഒരുപാട് വെള്ളം ആവാതെ ശ്രദ്ധിക്കണം. ഇനി ഇഡ്ഡലി പാത്രം എടുക്കുക. പാത്രത്തിന്റെ വലുപ്പത്തിലുള്ള ഒരു കോട്ടൺ തുണി നനച്ച് പിഴിഞ്ഞെടുത്ത് പാത്രത്തിന്റെ അകത്ത് വിരിച്ചു കൊടുക്കുക. തുണിക്ക് അല്പം നനവ് ആവിശ്യമാണ്. അപ്പോൾ ഇഡ്ഡലി പെട്ടെന്ന് അടർന്നു കിട്ടും. ഇനി സ്റ്റീമറിലെ വെള്ളം നന്നായി തിളച്ചു വരുമ്പോൾ മാവ് അതിനു മുകളിലേക്ക് ഒഴിച്ച് കൊടുക്കാം. ഒരുപാട് പരത്തേണ്ട ആവശ്യമില്ല. അഞ്ചോ ആറോ മിനിറ്റ് കൊണ്ട് തന്നെ ഇത് വെന്തു കിട്ടും. ഇതിനുശേഷം കൈ പൊള്ളാതെ തുണിയോടു കൂടി തന്നെ ഇഡ്ഡലി പുറത്തേക്ക് എടുക്കാം. രാമശ്ശേരി ഇഡ്ഡലി റെഡി.ഇതുപോലെ ബാക്കിയും തയ്യാറാക്കി എടുക്കാം. കുട്ടികൾക്കും വീട്ടിലെ പ്രായമായവർക്കും പ്രിയപ്പെട്ടതാവും ഈ സോഫ്റ്റ് ഇഡ്ഡലി. Tasty Palakkadan Ramassery Idli Recipe