Mambazha rasa kalan Recipe: വെള്ളരിക്ക കൊണ്ടും കുമ്പളങ്ങ കൊണ്ടും ഉണ്ടാക്കിയ രുചികരമായ രസക്കാളൻ നമ്മൾ കഴിച്ചിട്ടുണ്ട്. എന്നാൽ അതിനേക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്നതാണ് മാമ്പഴം കൊണ്ടുണ്ടാക്കുന്ന രസക്കാളൻ. മുത്തശ്ശിമ്മാരുടെ കൈ പുണ്യമടങ്ങിയ ഈ പരമ്പരാഗത റെസിപ്പി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
- മാമ്പഴം – രണ്ടെണ്ണം
- മഞ്ഞൾ പ്പൊടി
- തൈര്
- ശർക്കര – മൂന്ന് ടേബിൾ സ്പൂൺ
- പച്ച മുളക് – ഒരെണ്ണം
- വറ്റൽ മുളക്
- ഉലുവ – ഒരു ടീ സ്പൂൺ
- പച്ചരി -ഒന്നര ടീ സ്പൂൺ
- തേങ്ങാ ചിരകിയത്
- ഉപ്പ് – ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ഇവിടെ മാമ്പഴം വെച്ചാണ് ഇത് തയ്യാറാക്കുന്നത്. ആദ്യമായി 2 വലിയ മാമ്പഴം എടുക്കുക. ഇനി അത് കഴുകി വൃത്തിയാക്കിയതിന് ശേഷം തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളായി അരിയുക. ശേഷം ഇത് വേവിച്ചെടുക്കുന്നതിനായി ഒരു പാത്രത്തിലേക്ക് മാറ്റി, അല്പം ഉപ്പും മഞ്ഞൾ പ്പൊടിയും ഇതിലേക്ക് ചേർക്കാം. തുടർന്ന് മാമ്പഴം വേവുന്നതിനാവിശ്യമായ വെള്ളം ഒഴിച്ച് കൊടുക്കുക. ഇനി തീയിലേക്ക് വെക്കാം. അടുത്തതായി അര ലിറ്ററിന്റെ പകുതി തൈര് എടുക്കാം.
ശേഷം ഇത് നന്നായി ഇളക്കി,ഉടച്ച് മാറ്റി വെക്കാം.തുടർന്ന് വേവിക്കാൻ വെച്ച മാമ്പഴത്തിലേക്ക് മൂന്ന് ടേബിൾ സ്പൂൺ അളവിൽ ശർക്കര പൊടിച്ചത് ചേർക്കുക. ഇനി ശർക്കര തവി കൊണ്ട് ചെറുതായി എല്ലാ ഭാഗത്തെക്കും വ്യാപിപ്പിക്കാം.ശേഷം മാറ്റി വെക്കുക. അടുത്തതായി ഒരു പാൻ എടുത്ത് അതിൽ രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ശേഷം നാല് വറ്റൽ മുളകും, ഒരു ടീസ്പൂൺ ഉലുവയും ചേർത്ത് വയറ്റി എടുക്കുക. ഇതിന്റെ ചൂടാറിയതിന് ശേഷം മിക്സി ജാറിലിട്ട്
പൊടിച്ചെടുക്കാം. തുടർന്ന് ഒന്നര ടീ സ്പൂൺ പച്ചരിയും, രണ്ടര ടീ സ്പൂൺ തേങ്ങാ ചിരകിയതും ഇതിലേക്ക് ചേർക്കുക. ഇനി ഒരു പച്ച മുളകും, അല്പം മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം ഉടച്ചു വെച്ചിരിക്കുന്ന തൈരിലേക്ക് ഇത് ചേർത്ത് കൊടുക്കാം. ഇനി ഇത് നന്നായി മിക്സ് ചെയ്യാം. തുടർന്ന് മാറ്റി വെച്ച മാമ്പഴത്തിലേക്ക് ഈ അരപ്പ് പകർത്തുക. ഇനി ഇത് നന്നായി മിക്സ് ചെയ്യാം. വേണമെങ്കിൽ അല്പം ശർക്കരപ്പൊടി ചേർക്കാം. ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കാൻ വെക്കാം. പിന്നീട് അതിലേക്ക് അല്പം കടുകും, രണ്ട് വറ്റൽ മുളകും, കറിവേപ്പിലയും ഇട്ട് വറുത്തെടുക്കാം. ഇനി മാറ്റി വെച്ച കൂട്ടിലേക്ക് ഇത് ചേർത്ത് കൊടുത്ത് ഇളക്കാവുന്നതാണ്. മാമ്പഴക്കാളൻ റെഡി. Mambazha rasa kalan Recipe