Kizhangu sugayin Recipe: ബോണ്ട ഇഷ്ടമുള്ളവരുടെ പ്രിയപ്പെട്ട മറ്റൊരു പലഹാരമാണ് സുഖിയൻ. ചെറുപയർ വെച്ചാണ് പലപ്പോഴും ഇത് തയ്യാറാക്കാറുള്ളത്. വൈകുന്നേരം ചായക്കടിയായി എല്ലാ തട്ടുകടകളിലെയും പ്രധാന ഐറ്റമാണിത്. എന്നാൽ ചെറുപയർ ഇല്ലാതെ മധുരക്കിഴങ്ങ് വെച്ച് ഈയൊരു റെസിപ്പി ഉണ്ടാക്കിയാലോ..
എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
- മധുരക്കിഴങ്ങ്
- ശർക്കര പൊടി- നാല് ടേബിൾ സ്പൂൺ
- തേങ്ങാപ്പീര -കാൽ കപ്പ്
- ഏലക്കായ
- അരിപ്പൊടി
- മൈദ
- പഞ്ചസാര -ഒരു ടേബിൾ സ്പൂൺ
- മഞ്ഞൾപ്പൊടി
ആദ്യമായി നിങ്ങൾക്ക് വേണ്ടുന്നത്രയും മധുരക്കിഴങ്ങെടുത്ത്,നന്നായി കഴുകി വൃത്തിയാക്കിയതിനു ശേഷം വലിയ കഷണങ്ങളായി അരിഞ്ഞ് കുക്കറിലേക്ക് ഇടുക. ശേഷം ആവശ്യത്തിന് ഉപ്പും, വെള്ളവുമൊഴിച്ച് കുക്കറിൽ വേവിക്കാൻ വെക്കാം. ഇനി മൂന്ന് വിസിലിനു ശേഷം ചൂടാറി കഴിഞ്ഞാൽ ഇത് തുറന്നു നോക്കാം. പിന്നീട് ഇതിലെ വെള്ളം ഊറ്റിക്കളഞ്ഞ് ചെറിയൊരു ഗ്ലാസ് കൊണ്ട് കിഴങ്ങ് ഉടയ്ക്കുക. ഇനി ഒരു പാൻ എടുത്ത് അത് ചൂടാവാൻ വെക്കണം.
ശേഷം അതിലേക്ക് നാല് ടേബിൾ സ്പൂൺ ശർക്കര പൊടി ചേർക്കാം. നന്നായി ഇളക്കിയതിനു ശേഷം കാൽ കപ്പ് തേങ്ങാപ്പീരയും ചേർക്കുക. ശർക്കരപ്പൊടി ഒന്ന് ഉരുകി വന്നതിനുശേഷം മുമ്പ് മാറ്റിവെച്ച കിഴങ്ങ് ഇതിലേക്ക് ചേർക്കാം. തുടർന്ന് ഏലക്കായയും കൂടെ ചേർത്ത് ഇതിന്റെ എണ്ണമയം മാറുന്നതുവരെ ഇളക്കി കൊടുക്കുക. തുടർന്ന് രണ്ട് ടീസ്പൂൺ നെയ്യും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. മാവ് കട്ടിയാക്കി എടുക്കുന്നതിനായി രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടി ചേർക്കണം.
ശേഷം നന്നായി ഇളക്കുക. തുടർന്ന് മറ്റൊരു പാത്രത്തിലേക്ക് മാറ്റം. ഇനി ഈ മാവ് നന്നായി കുഴച്ചു വെക്കാം.ഇനി മറ്റൊരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ അരിപ്പൊടിയും, രണ്ട് ടേബിൾ സ്പൂൺ മൈദയും ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് അല്പം വെള്ളം ഒഴിച്ച് മിക്സ് ചെയ്യുക. ഇനി ദോശമാവിന്റെ പരുവത്തിൽ ഇളക്കി കൊടുക്കാം. ശേഷം അല്പം മഞ്ഞൾപ്പൊടിയും ചേർത്ത് കലക്കിയെടുക്കുക. ഇനി നേരത്തെ മാറ്റിവെച്ച കിഴങ്ങ് കുഴച്ചത് അല്പം അൽപ്പമായെടുത്ത് ചെറിയ ഉരുളകളാക്കാം. തുടർന്ന് ചീനച്ചട്ടിയെടുത്ത് എണ്ണ ചൂടാക്കാൻ വെക്കുക. ഇനി മഞ്ഞൾപ്പൊടി കലർത്തിയ മാവിലേക്ക് ഉരുളകൾ ഓരോന്നായി മുക്കിയെടുത്ത് എണ്ണയിലേക്ക് ഇട്ടു കൊടുക്കാം. അല്പം അകലത്തിലായി ഓരോന്നും ഇട്ടു കൊടുക്കണം. ശേഷം തിരിച്ചും മറിച്ചുമിട്ട് പൊരിച്ചെടുക്കാം .ടേസ്റ്റിയായ സുഖിയൻ റെഡി. Kizhangu sugayin Recipe Video Credit : Village Spices