Kerala style tomato Chutney: പല വിധത്തിലുള്ള ചട്നികൾ നമ്മൾ ഉണ്ടാക്കാറുണ്ട്. സാധാരണയിൽ നിന്നും വ്യത്യസ്തമായി ഒരു തക്കാളി ചട്നി ഉണ്ടാക്കി നോക്കിയാലോ. ഈ തക്കാളി ചട്നി എല്ലാ രുചികരമായ പ്രഭാത ഭക്ഷണങ്ങൾക്കും ലഘു ഭക്ഷണങ്ങൾക്കും മാത്രമല്ല ചോറിന് പോലും ഒരു മികച്ച പങ്കാളിയാണ്. വളരെ എളുപ്പത്തിൽ രുചികരമായ ഒരു തക്കാളി ചട്നി തയ്യാറാക്കി നോക്കാം.
ആദ്യം ഒരു പാൻ ചൂടാക്കാൻ വെക്കണം. പാൻ ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് അഞ്ച് വെളുത്തുള്ളി ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞത് ഇട്ട് കൊടുക്കണം. ശേഷം വെളുത്തുള്ളി ഒന്ന് ചെറുതായി മൂത്ത് വരുമ്പോൾ അതിലേക്ക് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് കൂടെ ചേർത്ത് കൊടുക്കാം. ഇവ ചെറിയ ഗോൾഡൻ കളർ
ആവുന്നത് വരെ ഇളക്കി കൊടുക്കാം. ഇനി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ചില്ലി ഫ്ലേക്‌സും, ഒരു ടീസ്പൂൺ കാശ്മീരി ചില്ലി പൗഡറും, ഒരു ടീസ്പൂൺ മഞ്ഞൾ പൊടിയും കൂടി ചേർത്ത് പൊടികളുടെ പച്ചമണം മാറുന്നത് വരെ നല്ലപോലെ ഇളക്കി കൊടുക്കാം. അടുത്തതായി ഇതിലേക്ക് ചെറുതായി അരിഞ്ഞ അഞ്ച് തക്കാളിയും രണ്ട് ടീസ്പൂൺ ഉപ്പും കൂടി ചേർത്ത് കൊടുക്കാം. ശേഷം ആവശ്യത്തിന് കറിവേപ്പിലയും മല്ലിയിലയും കൂടി
ചേർത്ത് കൊടുത്ത ശേഷം എല്ലാം കൂടി നന്നായി വഴറ്റി തക്കാളി പേസ്റ്റ് പരുവം ആവുന്നത് വരെ ഇളക്കി കൊടുക്കാം. തക്കാളിയിലെ വെള്ളം വറ്റി എണ്ണ തെളിയുന്നത് വരെ ഇളക്കി കൊടുക്കാം. ശേഷം എണ്ണ തെളിഞ്ഞു വരുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാം. സ്വാദിഷ്ടമായ തക്കാളി ചട്നി തയ്യാർ. ഇനി നിങ്ങൾക്കും വളരെ എളുപ്പത്തിൽ തയ്യാറാക്കാം ദോശയുടെയും ഇഡലിയുടെയും കൂടെ കഴിക്കാൻ ഒരു അടിപൊളി തക്കാളി ചട്നി. PINKY’S FLAVOURS