Kerala Style Beef Fry Recipe: ബീഫ് എന്ന് കേൾക്കുമ്പോഴേ വായിൽ വെള്ളമൂറുന്നവർ ഉണ്ട്. ആഘോഷവേളകളിലും ബീഫ് ഫ്രൈ ഇല്ലാതെ എന്ത് ആഘോഷം? ഇന്ന് ഉച്ചയൂണിന് മലബാറിലെ പരമ്പരാഗത വിഭവങ്ങളിൽ ഒന്നായ ബീഫ് ഫ്രൈ തയ്യാറാക്കി നോക്കിയാലോ. തേങ്ങക്കൊത്തും പച്ചമുളകും പെരുംജീരകവും രുചിക്കുന്ന ഒരു തനി നാടൻ ബീഫ് രുചി ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.
- ബീഫ് – 1 കിലോ
- മഞ്ഞൾ പൊടി – 1 ടീ സ്പൂൺ
- ഉപ്പ് – 1 ടീ സ്പൂൺ
- വെള്ളം – 1/2 ഗ്ലാസ്
- വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ
- തേങ്ങ കൊത്ത് ചെറുതായി അരിഞ്ഞത് – 1/2 കപ്പ്
- വറ്റൽ മുളക് – 5 എണ്ണം
- കറുവേപ്പില – 2 തണ്ട്
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 ടേബിൾ സ്പൂൺ
- കായപൊടി – 1 ടീ സ്പൂൺ
- മുളക് പൊടി – 2 ടേബിൾ സ്പൂൺ
- മസാലപ്പൊടി – 2 ടേബിൾ സ്പൂൺ
- കുരുമുളക് പൊടി – 1 ടീ സ്പൂൺ
ആദ്യമായി ഒരു കിലോ ബീഫ് കഴുകി വൃത്തിയാക്കി അതിലേക്ക് ഒരു സ്പൂൺ ഉപ്പും അര ടീസ്പൂൺ മഞ്ഞൾ പൊടിയും അര ഗ്ലാസ് വെള്ളവും കൂടെ ചേർത്ത് ഇളക്കി കുക്കറിൽ ഇട്ടു കൊടുക്കാം. ബീഫ് 12 വിസിൽ വരുന്നത് വരെ വേവിച്ചെടുക്കണം. (ഇറച്ചിയുടെ മൂപ്പ് അനുസരിച്ചു വിസിൽ വരുത്തണം). ബീഫ് വേവിച്ചതിനു ശേഷം ഒരു ഉരുളി അടുപ്പിൽ വെച്ച് അതിലേക്ക് 3 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കണം. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് അരക്കപ്പ് ചെറുതായി
അരിഞ്ഞ തേങ്ങ കൊത്ത് ഇട്ട് ഇളക്കി കൊടുക്കണം. ഇത് നല്ലപോലെ ചുവന്നു വരുമ്പോഴേക്കും ഇതിലേക്ക് 5 വറ്റൽ മുളക്, 1 ടേബിൾ സ്പൂൺ ഇഞ്ചി & വെളുത്തുള്ളി ചതച്ചത് എന്നിവ ചേർത്ത് ഇളക്കി 2 തണ്ട് കറിവേപ്പിലയും ചേർത്തു കൊടുക്കണം. ഇവയൊന്ന് മൂത്തു കഴിയുമ്പോഴേക്കും വേവിച്ചു വെച്ചിരിക്കുന്ന ബീഫ് അതിലേക്ക് ചേർത്ത് കൊടുക്കണം. ശേഷം രണ്ടു ടേബിൾ സ്പൂൺ മുളക് പൊടിയും രണ്ടു ടേബിൾ സ്പൂൺ മസാല പൊടിയും ചേർത്ത് ബീഫിൽ നന്നായി പുരട്ടിടുക്കണം. ഇതിലെ വെള്ളം പൂർണ്ണമായും വറ്റിക്കഴിയുമ്പോൾ ഒരു സ്പൂൺ കുരുമുളക് പൊടി കൂടെ ചേർത്ത് ഇളക്കിയെടുക്കാം. സ്വാദിഷ്ടമായ ബീഫ് ഫ്രൈ റെഡി. നല്ല തനി നാടൻ വില്ലേജ് സ്റ്റൈൽ ബീഫ് ഫ്രൈ ഇത് പോലെ ഒന്ന് തയ്യാറാക്കി നോക്കൂ.