ഒരേതരം ഒഴിച്ചു കറികൾ ഉണ്ടാക്കിയും കഴിച്ചും മടുത്തവർക്ക് വെണ്ടക്കയും തക്കാളിയും കൊണ്ടൊരു വ്യത്യസ്തമായ കറി പരീക്ഷിച്ച് നോക്കിയാലോ. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഈ വെണ്ടക്ക കറി എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന കാര്യത്തിൽ സംശയം വേണ്ട. കറി തയ്യാറാക്കുന്നതിന് 100 ഗ്രാം വെണ്ടക്കയാണ് ആവശ്യമായി വരിക രണ്ടു തക്കാളി,
7 പച്ചമുളക്, 1 സവാള കറിവേപ്പില, തേങ്ങ എന്നിവയാണ് കറിയിലെ മറ്റു പ്രധാന ചേരുവകൾ. വെണ്ടക്ക ഇടത്തരം വലുപ്പത്തിൽ മുറിച്ചെറുക്കുക. ഉള്ളി ചെറുതായി അരിഞ്ഞു മാറ്റി വെക്കുക. തക്കാളിയും ഇടത്തരം കഷ്ണങ്ങൾ ആക്കുക. ഇനി ഒരു ചട്ടി അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം മുറിച്ചു വെച്ച വെണ്ടക്കയും പച്ചമുളകും ചേർത്ത് നന്നായി വഴറ്റുക. വെണ്ടക്കയുടെ വഴു വഴുപ്പ് മാറി വരുമ്പോൾ സവാളയും
തക്കാളിയും ഇട്ടുകൊടുക്കുക. ഒപ്പം തന്നെ മുക്കാൽ സ്പൂൺ മഞ്ഞൾപ്പൊടി, കാൽ സ്പൂൺ മുളക് പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. പൊടികളുടെ പച്ചമണം മാറുമ്പോൾ പച്ചക്കറി വേവാൻ ആവശ്യമുള്ള വെള്ളമൊഴിച്ച് വേവിച്ചെടുക്കാം. ഈ സമയം കൊണ്ട് ഈ കറിയിലേക്ക് തേങ്ങ അരച്ചെടുക്കാം. ഇതിനായി ഒരു മിക്‌സിയുടെ ജാറിലേക്ക് കാൽ ടീസ്പൂൺ ജീരകം, ഒരു പച്ചമുളക്, ഒന്നറ കപ്പ് തേങ്ങ ചിരകിയത്,
അൽപം കറിവേപ്പില എന്നിവ ഇട്ടു കൊടുത്ത ശേഷം കുറച്ച് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കാം. കുറച്ച് വെള്ളം അധികമായാലും കുഴപ്പമില്ല. പച്ചക്കറികൾ വേവുന്ന സമയത്ത് വെണ്ണ പോലെ അരച്ചെടുത്ത അരപ്പ് കറിയിലേക്ക് ഒഴിച്ചു കൊടുക്കുക. ഈ സമയത്ത് ഉപ്പ് കുറവുണ്ടെങ്കിൽ ആവശ്യത്തിന് ചേർത്തു കൊടുക്കാം. കറി നന്നായി ഇളക്കി കൊടുത്ത് കുറുകി വരുമ്പോൾ തീ ഓഫാക്കാം. അല്പം കടുക്, ചെറിയ ഉള്ളി, കറിവേപ്പില, വറ്റൽ മുളക് എന്നിവ ചേർത്ത് വറവിട്ടാൽ നല്ല നാടൻ രുചിയിൽ വെണ്ടക്ക ഒഴിച്ചു കറി തയ്യാർ. NEETHA’S TASTELAND