നമ്മുടെ നാട്ടിൽ വളരെ സുലഭമായ ഒന്നാണ് പപ്പായ. ഈ പപ്പായ ഉപയോഗിച്ച് വളരെ രുചികരമായി ഉണ്ടാക്കാവുന്ന ഒരു പപ്പായ ചില്ലി ഫ്രൈ ആണ് നമ്മൾ ഇവിടെ തയ്യാറാക്കുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന, കഴിക്കാൻ വളരെ രുചികരമായ ഈ പപ്പായ ഫ്രൈ ചോറിനൊപ്പം വിളമ്പാനും ചായക്കൊപ്പം കഴിക്കാനും നല്ല സൂപ്പർ ടേസ്റ്റ് ആണ്.
ഏത് കാലാവസ്ഥയിലും സുലഭമായി കിട്ടുന്ന പപ്പായ ഉപയോഗിച്ച് ഏവർക്കും ഇഷ്ടപ്പെടുന്ന രീതിയിലുള്ള ഈ ചില്ലി പപ്പായ ഫ്രൈ തയ്യാറാക്കാം. ആദ്യമായി അധികം പഴുപ്പില്ലാത്ത ഒരു പപ്പായ എടുത്ത് തൊലി കളഞ്ഞെടുക്കണം ശേഷം ഇതിനെ വളരെ കനം കുറച്ച് നീളത്തിൽ അരിഞ്ഞെടുക്കണം. ശേഷം ഇതിനെ വീണ്ടും കനം കുറച്ച് നീളത്തിൽ ചെറിയ കോലുകളാക്കി അരിഞ്ഞെടുക്കണം. ഇത് ഫ്രൈ ചെയ്തെടുക്കേണ്ടത് ആയതുകൊണ്ട് തന്നെ വളരെ കനം കുറച്ച് വേണം
മുറിച്ചെടുക്കാൻ. അടുത്തതായി ഒരു പാത്രത്തിലേക്ക് പപ്പായിലേക്ക് ആവശ്യമുള്ള ഉപ്പും ഒരു സ്പൂൺ കാശ്മീരി മുളകുപൊടിയും രണ്ട് ടേബിൾ സ്പൂൺ കോൺ ഫ്ലോറും ഒരു സ്പൂൺ എരിവുള്ള മുളകുപൊടിയും ഒരു നുള്ള് മഞ്ഞൾ പൊടിയും ചേർത്ത് ഒട്ടും കട്ടകളില്ലാതെ നന്നായി മിക്സ് ചെയ്തെടുക്കാം. ശേഷം നേരത്തെ മുറിച്ച് വച്ച പപ്പായ ഇതിലേക്ക് ചേർക്കാം. പപ്പായയിൽ ഒട്ടും തന്നെ വെള്ളത്തിന്റെ അംശം ഉണ്ടാവാൻ പാടില്ല. പപ്പായ ഈ മസാലയിലിട്ട് നല്ലപോലെ മിക്സ് ചെയ്ത് എടുത്ത് മാറ്റി വയ്ക്കാം.
ശേഷം ഇത് ഒരു അരിപ്പയിൽ വെച്ച് നന്നായി അരിച്ചെടുത്ത് അധികമുള്ള മസാല പൊടി മാറ്റിയെടുക്കാം. അടുത്തതായി ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ആവശ്യത്തിന് ഓയിൽ ചേർത്ത് കൊടുക്കാം. ഓയിൽ ചൂടായാൽ ഇതിലേക്ക് ഒരു പിടി കറിവേപ്പില ചേർത്ത് വറുത്ത് കോരാം. ശേഷം മസാല പുരട്ടിവെച്ച പപ്പായ രണ്ട് തവണയായി ചേർത്ത് വറുത്ത് കോരാം. ഇനി പപ്പായയെ ആരും വെറുതെ കളയല്ലേ. നല്ല ക്രിസ്പി പപ്പായ ഫ്രൈ റെഡി.