Coconut Milk Halwa: മധുരം ഇഷ്ടമുള്ളവരാണോ നിങ്ങൾ? എന്നാൽ തമിഴ്നാട്ടിൽ നിന്നും കിട്ടുന്ന തരത്തിലുള്ള രുചിയേറിയ ഹൽവ തയ്യാറാൻ പഠിച്ചാലോ? വളരെ സോഫ്റ്റും, തേങ്ങാപ്പാലിന്റെ രുചിയുള്ളതുമായ ഹൽവയാണിത്. വെറും മൂന്ന് ഇൻഗ്രീഡിയൻസ് കൊണ്ട് ഇതെങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
- മൈദ – ഒന്നര കപ്പ്
- തേങ്ങാപ്പാൽ -3 തേങ്ങയുടെ
- പഞ്ചസാര – 2 കപ്പ്
ഇത് തയ്യാറാക്കാനായി ആദ്യമായി ഒന്നര കപ്പ് മൈദ ഒരു ബൗളിൽ എടുക്കുക. ഇനി ആവശ്യത്തിനനുസരിച്ച് വെള്ളം കുറച്ചു കുറച്ചായി ഒഴിച്ച് കുഴച്ചെടുക്കാം.ചപ്പാത്തി മാവു കുഴച്ചെടുക്കുന്നതു പോലെയാണ് ഇത് ചെയ്യേണ്ടത്. മൈദ താല്പര്യമില്ലെങ്കിൽ ഗോതമ്പ് വച്ചും തയ്യാറാക്കാം. മാവ് നന്നായി കുതിർന്നു വരുന്നതിനായി കുഴച്ചുവെച്ച മാവിലേക്ക് 5 കപ്പ് വെള്ളം ഒഴിക്കുക. മാവ് മുങ്ങിക്കിടക്കണം. ഇനി ഈ വെള്ളത്തിൽ മാവ് നന്നായി ലൂസ് ആക്കി വെക്കാം. ശേഷം കുറഞ്ഞത്
ഒരു മണിക്കൂറെങ്കിലും അടച്ചുവെക്കുക. അതിനുശേഷം ഇതിന്റെ പാൽ നന്നായി വെള്ളത്തിൽ ലയിക്കുന്നത് വരെ കുഴച്ചെടുക്കുക. ഇനി ഒരു അരിപ്പ വെച്ച് അരിച്ച് പാലു മാത്രം എടുക്കണം. ഇനി ഇത് ഒരു ഗ്ലാസ് ജാറിലേക്ക് മാറ്റാം. പാലിന്റെ കട്ടിയുള്ള ഭാഗം അടിയിലും കട്ടി കുറഞ്ഞത് മുകളിലുമായി വരുന്നതിനായി ഒരു മണിക്കൂർ നേരം അടച്ചുവെക്കുക. ഒരു മണിക്കൂറിനു ശേഷം മുകളിലായി പൊങ്ങിവന്ന കട്ടി കുറഞ്ഞ ഭാഗം പതുക്കെ കളയുക. താഴെയുള്ള കട്ടിയുള്ള ഭാഗം മാത്രമേ ഇവിടെ ആവശ്യമുള്ളൂ.
ഹൽവ ഏത് പാത്രത്തിലാണോ തയ്യാറാക്കുന്നത് ആ പാത്രത്തിലേക്ക് ഈ പാല് മാറ്റുക. മൂന്ന് തേങ്ങയുടെ കട്ടിയുള്ള തേങ്ങാപ്പാൽ ഇനി ഇതിലേക്ക് ഒഴിക്കുക. അല്പം വെള്ളം മാത്രം ഇതിലേക്ക് ഒഴിക്കാം. ഇനി ഇത് സ്റ്റൗവിലേക്ക് വെക്കാം. ശേഷം നന്നായി ഇളക്കുക. ഇനി അരക്കപ്പ് പഞ്ചസാരയോ ശർക്കരയോ ഒരു പാനിലേക്ക് മാറ്റി മെൽറ്റാക്കി എടുക്കുക. പഞ്ചസാര ഗോൾഡൻ കളർ ആവുന്നത് വരെ ഇളക്കുക. ഇനി ഇത് തേങ്ങാപ്പാലിലേക്ക് ഒഴിച്ചു കൊടുക്കാം. തുടർന്ന് നന്നായി മിക്സ് ചെയ്യാം. ഇനി ഇതിലേക്ക് ഒന്നര കപ്പ് പഞ്ചസാര കൂടെ ചേർത്ത് നന്നായി ഇളക്കുക. ഹൈ ഫ്ലെയിമിൽ വച്ചാണ്
തയ്യാറാക്കേണ്ടത്. സമയം കൂടുന്തോറും ഇതിന്റ നിറം മാറി വരുന്നതായി കാണാം. ഉണ്ടാക്കുന്ന സമയം അടിയിൽ പിടിക്കാൻ സാധ്യതയില്ലാത്ത പാത്രം ഉപയോഗിക്കുക. ഒട്ടിപ്പിടിച്ചു നിൽക്കുന്ന പരുവത്തിലാവുന്നത് വരെ ഇളക്കുക. ഇനി ഹൽവ ഒരു പാത്രത്തിലേക്ക് മാറ്റാം. നെയ്യ് തടവിയ ഒരു സ്പൂൺ കൊണ്ട് ഇത് പാത്രത്തിന്റെ എല്ലാ ഭാഗത്തേക്കും വ്യാപിപ്പിക്കാം. പറ്റുന്നത്രയും മിനുസപ്പെടുത്തിയെടുക്കുക. ഇനി ഇത് തണുക്കാനായി മാറ്റിവെക്കാം. നാലഞ്ചു മണിക്കൂറിനു ശേഷം ഹൽവ റെഡി. Coconut Milk Halwa