Chammanthi recipe using onion: നമ്മുടെയെല്ലാം വീടുകളിൽ പ്രഭാതഭക്ഷണത്തിനായി സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളായിരിക്കും ദോശയും ഇഡ്ഡലിയും. ഇവ ഉണ്ടാക്കാൻ എളുപ്പമാണെന്ന് മാത്രമല്ല കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ കഴിക്കാനും വളരെയധികം ഇഷ്ടമായിരിക്കും. എന്നിരുന്നാലും എല്ലാദിവസവും ഇത്തരം പലഹാരങ്ങളോടൊപ്പം ഒരേ രീതിയിലുള്ള ചമ്മന്തികൾ തന്നെ തയ്യാറാക്കുമ്പോൾ എല്ലാവർക്കും പെട്ടെന്ന് മടുപ്പ് തോന്നാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും
ഉണ്ടാക്കി നോക്കാവുന്ന എത്ര കഴിച്ചാലും മടുക്കാത്ത രുചികരമായ ഒരു ചമ്മന്തിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ചമ്മന്തി തയ്യാറാക്കാനായി രണ്ടു മുതൽ മൂന്നു വരെ സവാള തൊലിയെല്ലാം കളഞ്ഞ് കനം കുറച്ചു നീളത്തിൽ അരിഞ്ഞെടുക്കുക. ഒരു കുക്കർ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ ഓയിൽ ഒഴിച്ചു കൊടുക്കുക. എണ്ണ നല്ലതുപോലെ ചൂടായി കഴിഞ്ഞാൽ അതിലേക്ക് അരിഞ്ഞുവെച്ച സവാള ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക.
ഈയൊരു സമയത്ത് തന്നെ നാല് മുതൽ അഞ്ചുവരെ വെളുത്തുള്ളിയുടെ അല്ലികളും, കറിവേപ്പിലയും, ആവശ്യമായ പുളിയും കൂടി ചേർത്തു കൊടുക്കാവുന്നതാണ്. എല്ലാ ചേരുവകളും എണ്ണയിൽ കിടന്ന് നല്ല രീതിയിൽ വഴണ്ട് വന്നു കഴിഞ്ഞാൽ അല്പം ഉപ്പു കൂടി ചേർത്തു കൊടുക്കാം. ശേഷം ഈ കൂട്ടിന്റെ ചൂട് ആറാനായി മാറ്റിവയ്ക്കണം. ഈയൊരു സമയം കൊണ്ട് ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ അളവിൽ കടുകും ഉലുവയും ഇട്ട് വറുത്തെടുക്കുക.
ശേഷം ഇത് മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുത്ത് മാറ്റി വയ്ക്കാം. നേരത്തെ തയ്യാറാക്കി വെച്ച ഉള്ളിയുടെ കൂട്ട് മിക്സിയുടെ ജാറിലേക്ക് ഇട്ട് എരുവിന് ആവശ്യമായ മുളകുപൊടിയും, അല്പം കൂടി ഉപ്പും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അടുത്തതായി ചമ്മന്തിയിലേക്ക് ആവശ്യമായ വറവൽ തയ്യാറാക്കാം. അതിനായി അടികട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ കടുകും, ഉണക്കമുളകും, കറിവേപ്പിലയും ഇട്ട് പൊട്ടിക്കുക. അതോടൊപ്പം അരച്ചുവച്ച ചമ്മന്തിയുടെ കൂട്ടുകൂടി ചേർത്ത് മിക്സ് ചെയ്യണം. അവസാനമായി കടുകും, ഉലുവയും പൊടിച്ചു വെച്ചതിൽ നിന്നും രണ്ട് ടേബിൾസ്പൂൺ അളവിൽ അതുകൂടി ചേർത്ത് മിക്സ് ചെയ്തെടുത്ത ശേഷം മാറ്റിവയ്ക്കാം. ഇപ്പോൾ നല്ല രുചികരമായ ചമ്മന്തി റെഡിയായി കഴിഞ്ഞു.